കൊച്ചി : ഇളം കാറ്റു പോലെ ശാന്തമാണ് ഉമ തോമസിന്റെ പ്രചാരണം. തികച്ചും സൗമ്യമായ സാന്നിധ്യം, അതിലേറെ സൗഹാര്‍ദം നിറച്ച വാക്കുകള്‍. ”അറിയാമല്ലോ, ഞാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിവരം ? പി.ടിയോടു കാണിച്ച സ്‌നേഹം എന്നോടും കാണിക്കണേ”. തൃക്കാക്കരയില്‍ ഉമ തോമസിന്റെ അഭ്യര്‍ഥന ഇത്ര മാത്രം. വോട്ടു തേടുന്ന പതിവു രീതിക്കപ്പുറം മണ്ഡലത്തിലെ സ്‌നേഹ, സൗഹൃദങ്ങളിലേയ്ക്കുള്ള പാലം ഉറപ്പിക്കുകയാണ് സ്ഥാനാര്‍ഥി.
പടമുകള്‍ ജുമാ മസ്ജിദില്‍ പ്രാര്‍ഥന കഴിഞ്ഞെത്തിയ വിശ്വാസികളുമായി സൗഹൃദം പങ്കിടുകയായിരുന്നു ഉമ. ”വോട്ടിന്റെ കാര്യമൊന്നും പ്രത്യേകിച്ചു പറയേണ്ട. ഞങ്ങള്‍ക്ക് അറിയാവുന്നതല്ലേ” എന്നു സൗഹൃദം പുതുക്കുന്നു നാട്ടുകാരും. ഉമ 3 ദിവസത്തെ പ്രചാരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഉമ ചെല്ലുന്ന മേഖലയിലെല്ലാം മുന്‍പു പി.ടി.തോമസിനു ലഭിച്ച അതേ സ്വീകാര്യത ലഭിക്കുന്നുവെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
ഇന്നലെ രാവിലെ ചങ്ങനാശേരി പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചാണ് ഉമയുടെ ദിവസം ആരംഭിച്ചത്. ഉച്ചയോടെ മണ്ഡലത്തില്‍ തിരിച്ചെത്തിയ ശേഷം കാക്കനാട്, വാഴക്കാല, ഇടച്ചിറ പ്രദേശങ്ങളിലെ ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചു. പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും വോട്ടഭ്യര്‍ഥന നടത്തി. പിന്നീട്, മണ്ഡലത്തിലെ ചില മരണ വീടുകള്‍ സന്ദര്‍ശിച്ചു. വൈകിട്ടു തൃക്കാക്കര ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍.