തിരുവനന്തപുരം: ആക്ഷേപങ്ങളും കേസുകളും ഉണ്ടായപ്പോള്‍ സത്യം ജയിക്കുമെന്ന വിശ്വാസമാണു മുന്നോട്ടുനയിച്ചതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.ആര് ആക്ഷേപമുന്നയിച്ചാലും തെറ്റു ചെയ്തിട്ടില്ലെങ്കില്‍ ഭയപ്പെടാനില്ലെന്ന ബോധ്യമാണു തനിക്കുള്ളതെന്നും സോളര്‍ കേസിലെ അനുകൂല വിധിയറിഞ്ഞശേഷം അദ്ദേഹം പറഞ്ഞു.
പാമൊലിന്‍ കേസ്, സോളര്‍ കേസ്, വിഴിഞ്ഞം കേസ്, പാറ്റൂര്‍ കേസ്, കോഴിക്കോഴ കേസ് എന്നിങ്ങനെ ഒട്ടേറെ കേസുകള്‍ നേരിട്ടു. സോളര്‍, വിഴിഞ്ഞം കേസുകളില്‍ കമ്മിഷനുകള്‍ വന്നു. സോളര്‍ കമ്മിഷനു തനിക്കെതിരെ ഒരു കുറ്റവും കണ്ടെത്താനാകാതെ വന്നപ്പോള്‍ ഒരു കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമാക്കി. ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ കത്ത് ഒഴിവാക്കാന്‍ നിര്‍ദേശിച്ച് അനുകൂല വിധി ലഭിച്ചു. അതിനെതിരെ എല്‍ഡിഎഫ് സര്‍ക്കാരോ ഏതെങ്കിലും പാര്‍ട്ടിയോ അപ്പീല്‍ നല്‍കിയില്ല.
ബെംഗളൂരുവിലെ കോടതിയില്‍ ഒരു കേസില്‍ താന്‍ വലിയ തുക കെട്ടിവയ്ക്കണമെന്ന് ഏകപക്ഷീയ വിധി വന്നിരുന്നു. കേസില്‍ കക്ഷി ചേരാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടു കോടതി തന്റെ ഭാഗം കേട്ടപ്പോള്‍ ആ കേസിലും അനുകൂല വിധി ലഭിച്ചു. അതിനെതിരെയും ആരും അപ്പീല്‍ പോയില്ല. ആരോപണം നിഷേധിക്കുന്നതല്ലാതെ, എന്തുകൊണ്ടു നിയമപരമായി നേരിടുന്നില്ലെന്ന ചോദ്യം പല ഭാഗത്തു നിന്നും വന്നപ്പോഴാണു കേസിനു പോയതെന്നും പറഞ്ഞു.