ജറുസലം: ഐക്യരാഷ്ട സംഘടനയുടെ (യുഎന്‍) കീഴിലുള്ള ആണവ നിരീക്ഷണ ഏജന്‍സിയായ ഐഎഇഎയുടെ ആഭ്യന്തര റിപ്പോര്‍ട്ടുകള്‍ ഇറാന്‍ മോഷ്ടിച്ചെന്ന ആരോപണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ആണവ പദ്ധതിയുടെ വിവരങ്ങള്‍ പുറത്തറിയാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ക്കായാണു മോഷണം നടത്തിയതെന്നാണു ബെന്നറ്റിന്റെ ആരോപണം. ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുണ്ടെന്നും അതു ഭീഷണിയാണെന്നുമാണ് ഇസ്രയേല്‍ കരുതുന്നത്.
ആരോപണത്തോടു ടെഹ്‌റാനോ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയോ (ഐഎഇഎ) പ്രതികരിച്ചില്ലെന്നു വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘ക്ലാസിഫൈ ചെയ്ത രേഖകള്‍ ഇറാന്‍ മോഷ്ടിച്ചു. ആണവ പദ്ധതികളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഇല്ലാതാക്കാനാണ് ഈ വിവരങ്ങള്‍ ഉപയോഗിച്ചത്’- സമൂഹമാധ്യമ കുറിപ്പില്‍ ബെന്നറ്റ് പറഞ്ഞു. മോഷ്ടിക്കപ്പെട്ടതെന്നു കരുതുന്ന, ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയ ചില രേഖകളും അദ്ദേഹം പങ്കുവച്ചു.
സമാധാനപരമായാണ് ആണവപദ്ധതികളെന്നാണ് ഇറാന്റെ അവകാശവാദം. എന്നാല്‍, ഇറാന് ആണവായുധ പദ്ധതികളുണ്ടെന്നാണ് ഇസ്രയേലും യുഎസും ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്. ഇറാന്റെ നീക്കങ്ങള്‍ ഒരു പതിറ്റാണ്ടിലേറെ നിരീക്ഷിച്ച ഐഎഇഎ, വെളിപ്പെടുത്താത്ത മൂന്നു സ്ഥലങ്ങളിലെ യുറേനിയം നിക്ഷേപത്തെക്കുറിച്ചു കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണു ഗുരുതര ആരോപണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രിതന്നെ രംഗത്തെത്തിയത്.