ഡിജിറ്റല്‍ പണമിടപാടുരംഗത്ത് വിപ്ലവം സൃഷ്ടിച്ച യുപിഐ ഇനി വായ്പാ രംഗത്തേക്കും. യുപിഐയിലൂടെ വിനിയോഗിക്കാവുന്ന രീതിയില്‍ ഒരു നിശ്ചിത തുക ബാങ്കുകള്‍ക്ക്, മുന്‍കൂര്‍ വായ്പയായി ഉപഭോക്താക്കള്‍ക്ക് അനുവദിക്കാം. ഇത് ബാങ്കിങ് രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ലോണ്‍ ആപ്പുകളുടെ ഉപയോഗവും തട്ടിപ്പും നിയന്ത്രിക്കാനും ഇത് സഹായകമാവും.
ഈ മാസം ഏപ്രില്‍ ആറിന് നടന്ന യോഗത്തിലാണ് യുപിഐയിലൂടെ വായ്പ നല്‍കാമെന്ന (Pre-Approved loan) നിര്‍ദേശം ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചത് റൂപെ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിച്ചതിന് പിന്നാലെയാണ് ആര്‍ബിഐയുടെ പുതിയ നീക്കം.. പണമിടപാടിനായി കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോമാണ് യുപിഐ.
യുപിഐ വായ്പയുടെ നേട്ടം
ഗൂഗിള്‍ പേ അടക്കം യുപിഐ ആപ്പുകളിലൂടെ ഉപഭോക്താക്കള്‍ക്ക് വായ്പ നേരിട്ട് ലഭ്യമാകുമെന്നാണ് അറിയുന്നത്. നിലവില്‍ ബാങ്കുകള്‍ അവരുടെ വെബ്‌സൈറ്റുകള്‍ വഴി അനുവദിക്കുന്ന ഓണ്‍ലൈന്‍ വായ്പകളില്‍ നിന്നും വ്യത്യസ്തമാകും യുപിഐ വായ്പ. ഫ്‌ലിപ്കാര്‍ട്ട് അടക്കമുള്ള ആപ്പുകള്‍ ബൈ നൗ പേ ലേറ്ററിനായി മുന്‍കൂറായി ഒരു തുക അനുവദിക്കുന്നതിന് സമാനമായിരിക്കും യുപിഐ വായ്പ. ബൈ നൗ പേ ലേറ്ററില്‍ കമ്പനികള്‍ പ്രീ അപ്രൂവ്ഡ് വായ്പകളാണ് നല്‍കുന്നത്. ശേഷം അത് ഇഎംഐ ആയി തിരിച്ച് ഈടാക്കും. ഈ രീതി തന്നെയാവും യുപിഐയിലൂടെ വായ്പ അനുവദിക്കുമ്പോള്‍ ബാങ്കുകളും പിന്തുടരുക. ഓരോരുത്തരുടെയും സാമ്പത്തിക നില പരിശോധിച്ചാവും ബാങ്കുകള്‍ വായ്പ പരിധി നിശ്ചയിക്കുക.
ഓണ്‍ലൈനിലൂടെ വായ്പ നല്‍കുന്ന ആപ്പുകള്‍ക്ക് നിലവില്‍ വലിയ പ്രചാരമാണ്. എന്നാല്‍ ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തല്‍, സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കല്‍ തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്നവയാണ് ഇത്തരം ആപ്പുകള്‍. യുപിഐയിലൂടെ വായ്പ ലഭ്യമാവുന്നതോടെ ലോണ്‍ ആപ്പുകളുടെ ഉപയോഗം കുറയ്ക്കാന്‍ സാധിച്ചേക്കും. ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും യുപിഐ വായ്പ പ്രയോജനപ്പെടുത്താനാവും. യുപിഐയിലൂടെ ബാങ്കുകള്‍ നേരിട്ട് നല്‍കുന്ന വായ്പയായത് കൊണ്ട് മറ്റ് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും സാധ്യതയില്ല.