വാഷിങ്ടന്‍: യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് യുഎസ്. റഷ്യയില്‍ നിന്നുള്ള എണ്ണയും ഗ്യാസും മറ്റ് ഇന്ധനങ്ങളും നിരോധിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ‘യുഎസ് തുറമുഖങ്ങളില്‍ റഷ്യന്‍ എണ്ണ അടുപ്പിക്കില്ല. അമേരിക്കന്‍ ജനത റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് നല്‍കുന്ന ശക്തമായ അടിയായിരിക്കും ഇത്. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. സഖ്യരാജ്യങ്ങളുമായി ആലോചിച്ചെടുത്ത തീരുമാനമാണിത്’- ബൈഡന്‍ പറഞ്ഞു.
രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനിടെയാണു റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി യുഎസ് നിരോധിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുഎസിലേക്കും റഷ്യ വന്‍തോതില്‍ എണ്ണ കയറ്റി അയയ്ക്കുന്നുണ്ട്. റഷ്യയ്ക്കുമേല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് എണ്ണ ഇറക്കുമതിയും നിരോധിച്ചത്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നാണ് എണ്ണ.
നേരത്തേ ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് റഷ്യയില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാന്‍ തുടങ്ങി. ഭക്ഷ്യസാധനങ്ങളുടെ വിതണത്തില്‍ പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ ഉപരോധം റഷ്യയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരാനും യുഎസിന്റെ തീരുമാനം വഴിയൊരുമെന്നാണ് ആശങ്ക.