യുഎസ് പ്രസിഡന്റിനുള്ള പരിരക്ഷ പരിമിതപ്പെടുത്താന്‍ ബൈഡന്‍

1 second read
0
0

വാഷിങ്ടന്‍: പ്രസിഡന്റായിരുന്നു എന്ന പേരില്‍ ഡോണള്‍ഡ് ട്രംപിനെപ്പോലെയുള്ളവര്‍ ക്രിമിനല്‍ കേസില്‍ തടിയൂരുന്ന സാഹചര്യം ഒഴിവാക്കാന്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിയമപരിഷ്‌ക്കാരത്തിന് ഒരുങ്ങുന്നു. 6 മാസം മാത്രം കാലാവധി ശേഷിക്കെയാണ് സുപ്രീം കോടതി ജഡ്ജിമാരുടെ ആജീവനാന്ത നിയമനം നിര്‍ത്തലാക്കാനും പ്രസിഡന്റിന്റെ നിയമ പരിരക്ഷയ്ക്കു നിയന്ത്രണമേര്‍പ്പെടുത്താനുമുളള ഭരണഘടനാ ഭേദഗതിക്കായി ശ്രമിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കിയത്. വാഷിങ്ടന്‍ പോസ്റ്റ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ബൈഡന്‍ ഇതൊക്കെ വിശദീകരിച്ചു.

യുഎസ് കോണ്‍ഗ്രസില്‍ നിയമം പാസ്സാകാനുള്ള സാധ്യത പക്ഷേ വിരളമാണ്. ഇത്തരമൊരു പരിഷ്‌ക്കാരത്തിന് കോണ്‍ഗ്രസിന്റെ ഇരു സഭകളിലും മൂന്നില്‍ രണ്ട് അംഗങ്ങളുടെ അംഗീകാരം ലഭിക്കണം. അല്ലെങ്കില്‍, 50 ല്‍ 38 സംസ്ഥാനങ്ങളിലെ നിയമസഭകളില്‍നിന്നുള്ള അംഗീകാരം വേണം.

പ്രസിഡന്റിന്റെ അധികാരപരിധിക്കുള്ളില്‍നിന്നുകൊണ്ടുള്ള ട്രംപിന്റെ പ്രവൃത്തികളുടെ പേരില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ പാടില്ലെന്ന് സുപ്രീം കോടതി ഈയിടെ വിധിച്ചിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാന്‍ പ്രസിഡന്റിനുള്ള പരിരക്ഷയ്ക്കു പൊതുവില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണു ബൈഡന്‍ ലക്ഷ്യമിടുന്നത്. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിനെതിരെ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പുള്ള ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രചാരണത്തില്‍ ഇനി ഇതും ഇടം നേടിയേക്കാം.
ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ നിയമിച്ചവര്‍ ഉള്‍പ്പെടെ സുപ്രീം കോടതിയില്‍ നിലവില്‍ യാഥാസ്ഥിതികരായ ജഡ്ജിമാര്‍ക്കാണു ഭൂരിപക്ഷം (6-3)
അധികാരത്തിലുള്ള പ്രസിഡന്റിന് 2 വര്‍ഷത്തിലൊരിക്കല്‍ ഒരു ജഡ്ജിയെ നിയമിക്കാമെന്നും പരമാവധി കാലാവധി 18 വര്‍ഷമായിരിക്കുമെന്നും വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതിയാണു ബൈഡന്‍ നിര്‍ദേശിക്കുന്നത്. പദവിയിലിരിക്കുമ്പോള്‍ പൊതുപ്രവര്‍ത്തനമരുത്, പാരിതോഷിക വിവരങ്ങള്‍ വെളിപ്പെടുത്തണം, വ്യക്തിപരമായി ബന്ധമുള്ള കേസുകളില്‍നിന്നു വിട്ടുനില്‍ക്കണം എന്നിങ്ങനെ ജഡ്ജിമാര്‍ക്കുള്ള പെരുമാറ്റ മാര്‍ഗരേഖയും മുന്നോട്ടുവച്ചു. നിലവിലെ ജഡ്ജിമാരില്‍ പലരും ഇത്തരം വിവാദങ്ങളില്‍പ്പെട്ടിട്ടുള്ളവരാണ്.

യുഎസില്‍ ഏറ്റവുമൊടുവില്‍ ഭരണഘടനാ ഭേദഗതി വന്നത് 1992 ല്‍ ആയിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളുടെ ശമ്പളവുമായി ബന്ധപ്പെട്ടതായിരുന്നു ആ ഭേദഗതി.

 

Load More Related Articles
Load More By Editor
Load More In World

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…