ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്ട്രേലിയ

1 second read
0
0

സിഡ്നി: സെര്‍ബിയയുടെ ലോക ഒന്നാം ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്ട്രേലിയ. മൂന്നു വര്‍ഷത്തേക്ക് ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നത് താരത്തിന് വിലക്കുമേര്‍പ്പെടുത്തി. കോടതി വിധിയുടെ പിന്‍ബലത്തില്‍ ഓസ്ട്രേലിയയില്‍ തുടരുന്ന ജോക്കോവിച്ചിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കുകയായിരുന്നു.

കോവിഡ് വാക്സിന്‍ എടുക്കാതെ ഓസ്ട്രേലിയയില്‍ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലെക്സ് ഹോക് വ്യക്തമാക്കി. അതേസമയം, ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ വീണ്ടും കോടതിയെ സമീപിക്കുമെന്ന് താരത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

ഇതോടെ തിങ്കളാഴ്ച്ച ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ച് കളിക്കാനുള്ള സാധ്യത വിരളമാണ്. എത്രയും പെട്ടെന്ന് കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ചാല്‍ മാത്രമേ താരത്തിന് ടൂര്‍ണമെന്റില്‍ കളിക്കാനാകൂ. ഓസ്ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍ ടൂര്‍ണമെന്റില്‍ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുടിയേറ്റ മന്ത്രാലയത്തിന്റെ പുതിയ നടപടി.

വാക്സിനെടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍വന്ന ജോക്കോവിച്ചിന്റെ വിസ മെല്‍ബണ്‍ വിമാനത്താവളത്തില്‍വെച്ച് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അഭയാര്‍ഥികളെ താമസിപ്പിക്കുന്ന ഹോട്ടലിലേക്കുമാറ്റി. അഞ്ചുദിവസത്തിനുശേഷം കോടതിവിധിയെ തുടര്‍ന്നാണ് താരത്തെ മോചിപ്പിച്ചത്.

ഡിസംബര്‍ 16-ന് താന്‍ കോവിഡ് പോസിറ്റീവായിരുന്നതിനാലാണ് വാക്സിന്‍ എടുക്കാതിരുന്നത് എന്നാണ് അന്ന് ജോക്കോ വാദിച്ചത്. എന്നാല്‍, അതിന്റെ പിറ്റേന്ന് ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെ കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകള്‍ സമ്മതിച്ച് ജോക്കോവിച്ച് രംഗത്തെത്തി. ഇമിഗ്രേഷന്‍ ഫോമില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും കോവിഡ് പോസിറ്റീവായിരുന്നപ്പോള്‍ ഒരു മാധ്യമറിപ്പോര്‍ട്ടറുമായി സംസാരിച്ചെന്നും താരം പറഞ്ഞു.
ഇമിഗ്രേഷന്‍ ഫോമില്‍, രണ്ടാഴ്ചയ്ക്കിടെ യാത്രകള്‍ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോക്കോ നല്‍കിയ മറുപടി. എന്നാല്‍, സ്‌പെയിനിലേക്കും മറ്റും യാത്രചെയ്തതിന്റെ തെളിവുകള്‍ പിന്നാലെ കിട്ടി. ഏജന്റിന് പറ്റിയ കൈയബദ്ധമാണ് എന്നാണ് ജോക്കോ വിശദീകരിച്ചത്. കോവിഡിന്റെ ദുര്‍ഘടകാലത്ത് ഇത്തരം തെറ്റുകള്‍ സംഭവിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായം.

 

Load More Related Articles
Load More By Editor
Load More In Sports

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…