ന്യൂഡല്‍ഹി: ഒമിക്രോണ്‍ ആശങ്കയുടെ പശ്ചാത്തലത്തില്‍, പ്രായമായവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കുന്നകാര്യം പരിഗണനയില്‍.പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതികസമിതി ഇക്കാര്യത്തില്‍ ഉടനെ ശുപാര്‍ശ നല്‍കിയേക്കും. അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ആരോഗ്യമന്ത്രാലയമാണ്. കോവിഡ്മൂലം മരിച്ചവരില്‍ കൂടുതലും വാക്‌സിന്‍ എടുക്കാത്തവരാണ്. വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസിന് സാധിക്കുമെന്നാണ് കരുതുന്നത്. രോഗത്തിന്റെ തീവ്രതയും മരണവും തടയുന്നതിന് ബൂസ്റ്റര്‍ ഡോസ് സഹായകരമാവും.
രണ്ടുഡോസുകളിലൂടെ ലഭിച്ച പ്രതിരോധശേഷി ഏതാനുംമാസങ്ങള്‍ പിന്നിടുമ്പോള്‍ കുറഞ്ഞുവരും. മറ്റുരോഗങ്ങള്‍ ഉള്ളവരിലും പ്രായമേറിയവരിലുമാണ് പ്രതിരോധശേഷി വേഗം കുറയുന്നത്. ഈ പശ്ചാത്തലത്തിലാണ് ബൂസ്റ്റര്‍ ഡോസ് അനിവാര്യമാകുന്നത്. ഒമിക്രോണിനെ നേരിടാന്‍ മൂന്നാംഡോസ് നല്‍കണമെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ഡിസംബര്‍ ഏഴിന് ഇതുമായി ബന്ധപ്പെട്ട് ഡബ്ല്യു.എച്ച്.ഒ.യുടെ ഉപദേശകസമിതി യോഗംചേരുന്നുണ്ട്.
അതേസമയം, ചില രാജ്യങ്ങള്‍ ഇതിനകംതന്നെ ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങി. ഇസ്രയേലാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍. പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള അന്തിമതീരുമാനവും കേന്ദ്രം ഉടനെ എടുത്തേക്കും. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും എന്നു തുടങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല. രോഗമുള്ള കുട്ടികള്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കുമാണ് മുന്‍ഗണന നല്‍കുക.