ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വാക്സിനേഷന്‍ കുറഞ്ഞ ഇടങ്ങളില്‍ ഒമിക്രോണിന്റെ വ്യാപനം അപകടസാധ്യതയുള്ളതാക്കുമെന്നതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ വാക്സിനേഷന് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കേസുകളുടെ നിരക്കിലുണ്ടാകുന്ന വര്‍ധന,പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടല്‍ എന്നിവ നിരീക്ഷിക്കാനും ക്രിസ്തുമസിനും പുതുവര്‍ഷത്തിനും മുന്നോടിയായി പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും എല്ലാ സംസ്ഥാനങ്ങള്‍ക്കും ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജാഗ്രത കൈവിടരുതെന്നും കോവിഡ് മഹാമാരിക്കെതിരെ പോരാടാനുള്ള തയ്യാറെടുപ്പ് സജീവമാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആവശ്യപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ കടക്കുകയോ ഓക്സിജന്‍ കിടക്കകള്‍ 40 ശതമാനത്തിന് മുകളില്‍ നിറയുകയോ ചെയ്താല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒമിക്രോണ്‍ വ്യാപന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളിലേക്കും മുന്നൊരുക്ക നടപടികളിലേക്കും കടക്കാമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഏത് നിയന്ത്രണവും കുറഞ്ഞത് 14 ദിവസത്തേക്ക് നടപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.