തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ക്കു പിന്നാലെ ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വിസിയെക്കൂടി കോടതി നീക്കിയതോടെ യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ച എല്ലാ വിസിമാരും പുറത്താകുമെന്ന് ഉറപ്പായി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് ഇന്നു രാജ്ഭവന്‍ വളയാനിരിക്കെയാണ് കോടതിയില്‍നിന്നു കനത്ത തിരിച്ചടി ലഭിച്ചത്. സംസ്ഥാനത്തെ 11 സര്‍വകലാശാലകളുടെ വിസിമാര്‍ യുജിസി ചട്ടം ലംഘിച്ചു നിയമനം ലഭിച്ചവരാണെന്നും ഇവര്‍ പുറത്തു പോകണമെന്നുമുള്ള ഗവര്‍ണറുടെ നിലപാട് ശരിവയ്ക്കുന്നതാണു വിധി. ഈ 11 വിസിമാരില്‍ കെടിയു, കുഫോസ് വിസിമാരെ കോടതികള്‍ പുറത്താക്കി. കേരള വിസി കാലാവധി കഴിഞ്ഞതിനാല്‍ സ്ഥാനമൊഴിഞ്ഞു.
എംജി, കുസാറ്റ്, സംസ്‌കൃതം, ഡിജിറ്റല്‍, ശ്രീനാരായണ, കാലിക്കറ്റ്, കണ്ണൂര്‍, മലയാളം സര്‍വകലാശാല വിസിമാരായ ബാക്കി 8 പേര്‍ ഹൈക്കോടതിയും ഗവര്‍ണറും എടുക്കാന്‍ പോകുന്ന തീരുമാനം ഉറ്റുനോക്കുന്നു. സേര്‍ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ മാത്രമേ പാടുള്ളൂ എന്ന വ്യവസ്ഥ ലംഘിച്ചു, വിസി സ്ഥാനത്തേക്കു പാനലിനു പകരം ഒരു പേരു മാത്രം നല്‍കി, 2 സര്‍വകലാശാലകളുടെ ആദ്യ വിസിമാരെ സര്‍ക്കാര്‍ സ്വന്തം നിലയില്‍ നിയമിച്ചു എന്നിവയാണ് അയോഗ്യതയ്ക്കു കാരണം. ഡിജിറ്റല്‍, ശ്രീനാരായണഗുരു സര്‍വകലാശാലകളുടെ ആദ്യ വിസിമാരെ സര്‍ക്കാര്‍ നേരിട്ടു നിയമിച്ചതു ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു.
ഉത്തരാഖണ്ഡിലെ അല്‍മോറയിലെ എസ്എസ്‌ജെ സര്‍വകലാശാല വിസിയെ സുപ്രീം കോടതി പുറത്താക്കിയതും ഇതേ കാരണത്താലായിരുന്നു. ഇതിനു പുറമേ, കാര്‍ഷിക സര്‍വകലാശാല വിസിയുടെ ചുമതല കാര്‍ഷികോല്‍പാദന കമ്മിഷണര്‍ ഇഷിത റോയിക്കു നല്‍കിയ ഗവര്‍ണറുടെ നടപടിയും യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു പരാതിയുണ്ട്. പ്രഫസറായി 10 വര്‍ഷം പരിചയമുള്ള അക്കാദമിക് വിദഗ്ധരെ മാത്രമേ വിസിയായി നിയമിക്കാന്‍ പാടുള്ളൂവെന്നാണു ചട്ടം.