സ്വകാര്യ ആശുപത്രി ശസ്ത്രക്രിയയ്ക്ക് ചോദിച്ചത് 10.50 ലക്ഷം: സാമ്പത്തിക ബുദ്ധിമുട്ട് കാരണം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി: എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ കൈ തുന്നിച്ചേര്‍ത്തു

0 second read
0
0

കലഞ്ഞൂര്‍: കുടുംബകലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടിമാറ്റിയ യുവതിയുടെ കൈ എട്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുന്നിച്ചേര്‍ത്തു. കൈയുടെ ചലനശേഷി വീണ്ടു കിട്ടിയിട്ടുണ്ടോ എന്നറിയാന്‍ ഒരാഴ്ച കാത്തിരിക്കേണ്ടി വരും.

കലഞ്ഞൂര്‍ പറയന്‍കോട് ചാവടി മലയില്‍ വീട്ടില്‍ വിജയന്‍ പദ്മനാഭനെയും മകള്‍ വിദ്യ (27)യേയും ഭര്‍ത്താവ് ഏഴംകുളം അയിരിക്കോണം സന്തോഷ് ഭവനം സന്തോഷാ (28)ണ് ഞായറാഴ്ച രാത്രി എട്ടരയോടെ വീട് കയറി ആക്രമിച്ചത്. ഇയാളെ ഇന്നലെ പുലര്‍ച്ചെ അടൂരില്‍ നിന്നും കൂടല്‍ എസ്.എച്ച്.ഓ ജി. പുഷ്പകുമാര്‍ പിടികൂടി. വിദ്യയും സന്തോഷുമായി വിവാഹ മോചനത്തിന് കേസ് നിലവിലുണ്ട്. അഞ്ചു വയസുളള മകനെ തനിക്കൊപ്പം വിടണമെന്നാവശ്യപ്പെട്ട് ചെന്ന സന്തോഷ് വടിവാള്‍ കൊണ്ട് വിദ്യയുടെ തലയ്ക്ക് നേരെയാണ് വെട്ടിയത്. ഇടതു കൈകൊണ്ട് തടയാന്‍ ശ്രമിക്കുമ്പോള്‍ ആഴത്തില്‍ വെട്ടേറ്റു. ഇടതു കൈ മുട്ടിന് താഴെ മുറിഞ്ഞു തൂങ്ങി.

അടുത്ത വെട്ടു കൊണ്ട് വലതുകൈ വിരലുകള്‍ അറ്റുപോയി. തടയാന്‍ ശ്രമിച്ച പിതാവിനെയും പുറത്ത് വെട്ടി. കൈ തുന്നിച്ചേര്‍ക്കാന്‍ തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോള്‍ പത്തരലക്ഷം രൂപ ചെലവു വരുമെന്നറിയിച്ചതോടെയാണ് ബന്ധുക്കള്‍ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

എട്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കൈ തുന്നിച്ചേര്‍ത്തു. ശനിയാഴ്ച രാത്രി 12 ന് ആരംഭിച്ച ശസ്ത്രക്രിയാ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ രാവിലെ ഒമ്പതു മണിയോടെ യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്കു മാറ്റി. അസ്ഥിരോഗ വിഭാഗത്തിലെയും പ്ലാസ്റ്റിക് സര്‍ജറിയിലെയും അനസ്തേഷ്യയിലെയും ഡോക്ടര്‍മാര്‍ വിശ്രമമില്ലാതെ നടത്തിയ എട്ടുമണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ ഞരമ്പുകളും അസ്ഥികളുമെല്ലാം തുന്നിച്ചേര്‍ത്ത് കൈപ്പത്തി പൂര്‍വ സ്ഥിതിയിലാക്കുകയായിരുന്നു.

അസ്ഥികള്‍ കമ്പിയിട്ട് ഉറപ്പിച്ചശേഷം ഞരമ്പുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റു സൂക്ഷ്മനാഡികളുമെല്ലാം തുന്നിച്ചേര്‍ക്കുന്നതിന് അതിസങ്കീര്‍ണ ശസ്ത്രക്രിയ വേണ്ടിവന്നു. വെട്ടേറ്റതിന് പിന്നാലെ ബന്ധുക്കള്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അച്ഛനും മകള്‍ക്കും പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്നാണ് രാത്രി തന്നെ തിരുവനന്തപുരംകോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അവിടെ നടന്ന പരിശോധനകള്‍ക്കു ശേഷം ശസ്ത്രക്രിയയ്ക്ക് പത്തുലക്ഷത്തിലധികം രൂപ ചെലവാകുമെന്നും ശസ്ത്രക്രിയ നടന്നാല്‍ തന്നെ വിജയിക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി വിദ്യയുടെ അച്ഛന്‍ വിജയന്‍ പറഞ്ഞു.

തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ ഓഫീസ് ഇടപെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച് ഉടന്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യുവില്‍ ചികിത്സയിയില്‍ കഴിയുന്ന വിദ്യ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. വിദ്യയുടെ അച്ഛന്‍ വിജയന്റെ മുതുകില്‍ 12 തുന്നലുകളുണ്ട്.

വിദ്യയുടെ കൈപ്പത്തി തുന്നിച്ചേര്‍ത്ത ശസ്ത്രക്രിയാ
സംഘത്തില്‍ അസ്ഥിരോഗവിഭാഗത്തിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ.ബിനോയ്, ഡോ. രോഹിത്, ഡോ. ജെയ്സണ്‍, പ്ലാസ്റ്റിക് സര്‍ജറി അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിനോദ്, ഡോ. ലിഷ, ഡോ. വൃന്ദ, ഡോ ചാള്‍സ്, അനസ്തേഷ്യ വിഭാഗത്തില്‍ നിന്ന് ഡോ. സുരയ്യ, ഡോ. ആതിര എന്നിവര്‍ക്കൊപ്പം നഴ്സ് രമ്യയും സഹപ്രവര്‍ത്തകരും പങ്കെടുത്തു.

കൃത്യം നടത്തിയ ശേഷം ബൈക്കില്‍ സ്ഥലം വിട്ട സന്തോഷിനെ ബൈക്കിന്റെ നമ്പര്‍ മനസിലാക്കി പിന്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ അടൂരില്‍ നിന്നുമാണ് കൂടല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പോലീസ് പിടിക്കാതിരിക്കാന്‍ ഇയാള്‍ ബൈക്കില്‍ ഊടുവഴികളിലൂടെ കറങ്ങുകയായിരുന്നു.

ഏഴു വര്‍ഷം മുന്‍പാണ് വിദ്യയും സന്തോഷും വിവാഹിതരായത്. ഒരു വര്‍ഷം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. സംശയരോഗിയായ സന്തോഷ് പതിവായി മര്‍ദിക്കാന്‍ തുടങ്ങിയതോടെയാണ് വിദ്യ സ്വന്തം വീട്ടിലേക്ക് മാറിയത്. അഞ്ചു വയസുള്ള മകന്‍ വിദ്യയ്ക്കൊപ്പമാണ്. കുഞ്ഞിനെ വിട്ടുകൊടുക്കണമെന്ന ആവശ്യം നിരസിച്ചതിലുള്ള വിരോധം കാരണമാണ് വെട്ടിയത് എന്നാണ് സന്തോഷ് പറയുന്നത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടല്‍ എസ്.എച്ച്.ഓ ജി. പുഷ്പകുമാര്‍, എസ്.ഐ കെ. ദിജേഷ്, എ.എസ്.ഐ വാസുദേവക്കുറുപ്പ്, എസ്.സി.പി.ഓ അജിത് കുമാര്‍, സി.പി.ഓമാരായ അനൂപ്, പ്രമോദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

 

Load More Related Articles
Load More By Editor
Load More In Keralam

Leave a Reply

Your email address will not be published. Required fields are marked *

Check Also

കന്നിയങ്കം ജയിച്ച രാഹുലിന് വേണ്ടി നാട്ടാരും കുടുംബാംഗങ്ങളും: ആഘോഷ ലഹരിയില്‍ രാഹുലിന്റെ ആറ്റുവിളാകത്ത് വീട്: അടൂരില്‍ ട്രോളി ബാഗില്‍ ലഡു

അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയ…