ചെന്നൈ: തന്റെ പേര് ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കുന്നതും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളും തടയണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ തമിഴ് നടന്‍ വിജയ് ചെന്നൈ കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖര്‍, മാതാവ് ശോഭ ചന്ദ്രശേഖര്‍, വിജയ് മക്കള്‍ ഇയക്കത്തിന്റെ എക്‌സിക്യൂട്ടീവുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
സെപ്റ്റംബര്‍ 27ന് കേസ് പരിഗണിക്കും. ഒന്‍പത് തമിഴ്നാട് ജില്ലകളില്‍ ഒക്ടോബര്‍ 6, 9 തീയതികളില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുമെന്ന് വിജയ് ആരാധകരുടെ സൊസൈറ്റിയായ വിജയ് മക്കള്‍ മന്‍ട്രം പ്രഖ്യാപിച്ചിരുന്നു. ഇതിനു വിജയ്യുടെ മാതാപിതാക്കള്‍ അനുവാദം നല്‍കി. പിന്നാലെയാണ് വിജയ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷം എസ്.എ.ചന്ദ്രശേഖര്‍ അഖിലേന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. വിജയ് പിതാവിന്റെ പാര്‍ട്ടിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ പിതാവിന്റെ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ആരാധകര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രതികരിച്ചു. തന്റെ പേരും ചിത്രവും ഫാന്‍ ക്ലബ്ബുകളെയും രാഷ്ട്രീയ അഭിലാഷങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍, അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിജയ് വ്യക്തമാക്കി.