കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിഴലായി തുടരുന്ന വി.ഐ.പി.യുടെ കൈയിലും ദൃശ്യങ്ങളുടെ പകര്‍പ്പുള്ളതായി അന്വേഷണ സംഘത്തിന് സംശയം. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇത് കൈമാറുന്നതിനിടെ വി.ഐ.പി. പകര്‍പ്പ് സൂക്ഷിച്ചു കാണുമെന്നാണ് കരുതുന്നത്.
സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ വി.ഐ.പി.ക്ക് കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ കൊച്ചിയിലെ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടിയ ശേഷം ദിലീപിന്റെ അടുത്ത് വി.ഐ.പി. വന്നുവെന്നാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയിരിക്കുന്ന മൊഴി. ഈ മൊഴിയാണ് സംശയങ്ങളിലേക്ക് നയിക്കുന്നത്.
ഒന്നാം പ്രതി പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ ഓടയില്‍ ഉപേക്ഷിച്ചുവെന്നാണ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍, പിന്നീട് ഈ ഫോണ്‍ അഭിഭാഷകന് കൈമാറിയെന്നും ഇത് നശിപ്പിച്ചെന്നും മൊഴി നല്‍കി. ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം മുന്നോട്ടു കൊണ്ടുപോകാതിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കിയാണ് പിന്നീട് കൈമാറ്റങ്ങള്‍ നടന്നത്.
ഇതിന്റെയടിസ്ഥാനത്തില്‍ ദൃശ്യങ്ങളുടെ പകര്‍പ്പുകള്‍ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം വീണ്ടും തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം വി.ഐ.പി.ക്കായുള്ള അന്വേഷണവും ശക്തമാക്കി. വി.ഐ.പി.യെ കണ്ടെത്തുന്നതോടെ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും ദൃശ്യങ്ങള്‍ കണ്ടെത്താന്‍ ഉപകരിക്കുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.