ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്റെ 3 തൊപ്പികളിലൊന്ന് വിരാട് കോലി ഊരി വയ്ക്കുന്നതോടെ പകരമെത്തുക ദീര്‍ഘനാളായി ഇന്ത്യന്‍ ടീമിന്റെ ഭാഗമായ രോഹിത് ശര്‍മ തന്നെയെന്ന് റിപ്പോര്‍ട്ട്. രോഹിത് വിസമ്മതിക്കുക, ടീമിലെ സ്ഥാനം നഷ്ടമാവുക തുടങ്ങി തീര്‍ത്തും അപ്രതീക്ഷിതമായ കാര്യങ്ങള്‍ സംഭവിച്ചാലേ മറിച്ചെന്തെങ്കിലും നടക്കൂ. അങ്ങനെയെങ്കില്‍ സാധ്യത കൂടുതല്‍ കെ.എല്‍ രാഹുലിന്. ലിമിറ്റഡ് ഓവര്‍ മത്സരങ്ങളിലെ ക്യാപ്റ്റന്‍ സ്ഥാനം കോലി രോഹിത് ശര്‍മയ്ക്കു കൈമാറുമെന്ന് ഒരാഴ്ചയായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കിടെയാണ് ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം.
ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം കോലി രോഹിത്തിനു നല്‍കണമെന്ന് ആവശ്യമുയരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനെന്ന നിലയിലും രാജ്യാന്തര മത്സരങ്ങളില്‍ ഇടക്കാല ക്യാപ്റ്റനെന്ന നിലയിലും രോഹിത്തിന്റെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാണിക്കാറുള്ളത്. മുംബൈ ഇന്ത്യന്‍സിനെ 5 വട്ടം ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച രോഹിത് ഇന്ത്യന്‍ ടീമിനെ ഏഷ്യാ കപ്പ്, നിദാഹാസ് ട്രോഫി കിരീടങ്ങളിലേക്കും നയിച്ചിട്ടുണ്ട്.