ന്യൂഡല്‍ഹി: യൂറോപ്പിലും ആഫ്രിക്കയിലും കാനഡയിലും മറ്റും ഒമിക്രോണ്‍ വന്‍തോതില്‍ പടരുന്ന പശ്ചാത്തലത്തില്‍ വരുംനാളുകളില്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
സ്ഥിതിഗതികള്‍ രൂക്ഷമാകാനാണ് സാധ്യത. രാജ്യത്ത് ഇതുവരെ 11 സംസ്ഥാനങ്ങളിലായി 101 ഒമിക്രോണ്‍ കേസുകളേ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളൂ. എന്നാല്‍, യു.കെ.യിലും മറ്റും കോവിഡ് കേസുകള്‍ ഉയരുന്നതുവെച്ച് വിലയിരുത്തുമ്പോള്‍ ഇവിടെയും അതിവേഗം പടരാനും കേസുകള്‍ കൂടാനും സാധ്യതയുണ്ടെന്ന് മന്ത്രാലയം ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതുവരെ ഒമിക്രോണ്‍ ഇന്ത്യയില്‍ വ്യാപകമായിട്ടില്ല. അത് സംഭവിക്കാതിരിക്കാനും ആരോഗ്യസംവിധാനത്തിനുമേല്‍ സമ്മര്‍ദം ഇല്ലാതിരിക്കാനുംവേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ട്. 91 രാജ്യങ്ങളിലായി 27,042 കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പുതിയ സാഹചര്യത്തില്‍ അനാവശ്യ യാത്രകള്‍, കൂടിച്ചേരലുകള്‍, ആഘോഷങ്ങള്‍ എന്നിവ കഴിയുന്നതും ഒഴിവാക്കണമെന്ന് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയും നിതി ആയോഗ് അംഗം ഡോ. വി.കെ. പോളും ആവശ്യപ്പെട്ടു. ടി.പി.ആര്‍. അഞ്ചുശതമാനത്തില്‍ കൂടുതലുള്ള 24 ജില്ലകളില്‍ രണ്ടാഴ്ച പ്രാദേശികനിയന്ത്രണം ഏര്‍പ്പെടുത്തണം. ഒമിക്രോണ്‍ അപകടകാരിയല്ലെന്ന ധാരണയില്‍ ജാഗ്രതക്കുറവ് പാടില്ലെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തെ കൈകാര്യം ചെയ്യുന്നതുപോലെതന്നെ ഒമിക്രോണിനെയും നേരിടണം. ഡെല്‍റ്റയില്‍നിന്ന് വ്യത്യസ്തമായ രോഗലക്ഷണങ്ങള്‍ ഇതുവരെ ഒമിക്രോണില്‍ കണ്ടിട്ടില്ല. ഭാവിയില്‍ വെവ്വേറെ ലക്ഷണങ്ങള്‍ കണ്ടെന്നുവരാം.