ബെംഗളൂരു: കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 28 മുതല്‍ പത്തു ദിവത്തേയ്ക്ക്, രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യൂവെന്ന് ആരോഗ്യമന്ത്രി കെ.സുധാകര്‍ അറിയിച്ചു. ഇതിനുപുറമെ സംസ്ഥാനത്തെ പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനവും പുതിയ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതിന്റെയും സാഹചര്യത്തിലാണു സംസ്ഥാന സര്‍ക്കാരിന്റെ നടപടി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല അവലോകനയോഗത്തിലാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.
പുതുവത്സരത്തിനു പൊതുയിടങ്ങളില്‍ ആഘോഷങ്ങളോ ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള വലിയ കൂട്ടങ്ങളോ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയ ഇടങ്ങളില്‍ 50 ശതമാനം ആളുകള്‍ക്കായിരിക്കും പ്രവേശനമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലും ആദ്യമായി ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. മധ്യപ്രദേശില്‍ എട്ടും ഹിമാചലില്‍ ഒരാള്‍ക്കുമാണു രോഗം. ഇതോടെ രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 424 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കേസുകള്‍- 108, ഡല്‍ഹിയില്‍ 79 കേസുകളുണ്ട്.