ദുബായ് :ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി ) രാജ്യങ്ങളില്‍ കഴിയുന്ന വിദേശികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കണമെങ്കില്‍ ഓണ്‍ലൈന്‍ വീസ വേണമെന്ന് അധികൃതര്‍. യാത്രയ്ക്ക് മുന്‍പ് തന്നെ ഇ-വീസയ്ക്ക് എന്‍ട്രി പെര്‍മിറ്റ് നേടണം.
യുഎഇ സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ള ഇതര ജിസിസി രാജ്യങ്ങളിലെ വിദേശികള്‍ ഓണ്‍ലൈന്‍ വീസയ്ക്ക് അപേക്ഷിച്ച് അനുമതി നേടിയ ശേഷമായിരിക്കണം യാത്ര ചെയ്യേണ്ടത്. എമിറേറ്റുകളിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങിയ ദിവസം മുതല്‍ 30 ദിവസം യുഎഇയില്‍ തങ്ങാന്‍ ഇ-വീസ കൊണ്ട് സാധിക്കുമെന്ന് സര്‍ക്കാര്‍ പോര്‍ട്ടലിലൂടെ അധികൃതര്‍ വ്യക്തമാക്കി.
ലഭിച്ച പെര്‍മിറ്റ് ആവശ്യമെങ്കില്‍ മുപ്പത് ദിവസത്തേക്ക് കൂടി പുതുക്കാന്‍ സാധിക്കും. ദുബായ് താമസ കുടിയേറ്റ വകുപ്പ് , ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വെബ് സൈറ്റുകള്‍ വഴിയാണ് ഓണ്‍ലൈന്‍ എന്‍ട്രി പെര്‍മിറ്റുകള്‍ക്ക് അപേക്ഷിക്കേണ്ടത്.
ഇപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മ പരിശോധയ്ക്ക് ശേഷം ഇ-മെയില്‍ വഴി അപേക്ഷകനു മറുപടി അയക്കും. ഒന്നിച്ചോ ഒറ്റയ്‌ക്കോ, നല്‍കുന്ന അപേക്ഷകളില്‍ അനുമതി ലഭിക്കാത്തവര്‍ യാത്ര ചെയ്യരുത്. കുടുംബസമേതം നല്‍കുന്ന അപേക്ഷകളില്‍ ഗാര്‍ഹിക ജോലിക്കാരടക്കമുള്ള
എല്ലാവര്‍ക്കും പ്രവേശനാനുമതിയുണ്ടോ എന്നതു ഉറപ്പാക്കിയ ശേഷമായിരിക്കണം യാത്രയെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
ജിസിസി പൗരന്മാര്‍ക്കൊപ്പം വരുന്നവരുടെ എന്‍ട്രി പെര്‍മിറ്റിനു 60 ദിവസം കാലാവധിയുണ്ടായിരിക്കും. വീസ നല്‍കിയ തിയതി മുതലാണ് 60 ദിവസം. എന്നാല്‍ രാജ്യത്ത് പ്രവേശിച്ചു കഴിഞ്ഞ തിയതി മുതല്‍ 60 ദിവസം വരെ രാജ്യത്തു തങ്ങാനും സാധിക്കും. ആവശ്യമെങ്കില്‍ 60 ദിവസം കൂടി പെര്‍മിറ്റ് പുതുക്കാനും അവസരമുണ്ട്.