തിരുവനന്തപുരം: സോളര്‍ മാനനഷ്ടക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് 10.10 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നല്‍കണമെന്ന സബ് കോടതി വിധിക്ക് സ്റ്റേ അനുവദിക്കാന്‍ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ 14.89 ലക്ഷം രൂപ കെട്ടിവയ്ക്കുകയോ തത്തുല്യ ജാമ്യം നല്‍കുകയോ വേണമെന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉപാധി. ഏതു വേണമെന്നു സബ് കോടതിക്കു തീരുമാനിക്കാം. അവിടെയാണു തുക കെട്ടിവയ്‌ക്കേണ്ടത്. വിഎസ് നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണു ജില്ലാക്കോടതി ഉപാധിയോടെ സ്റ്റേ ആകാമെന്നു വ്യക്തമാക്കിയത്.
സബ്‌കോടതിയുടെ നഷ്ടപരിഹാര ഉത്തരവിനെതിരെയാണു വിഎസ് ജില്ലാക്കോടതിയെ സമീപിച്ചത്. 2013 ല്‍ ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍, അന്നു പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നടത്തിയ ആരോപണത്തിനെതിരെ ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജിയിലാണു സബ്‌കോടതി നഷ്ടപരിഹാരം വിധിച്ചത്. അതുവരെയുള്ള 6 % പലിശയും ഉമ്മന്‍ ചാണ്ടിക്കു വിഎസ് നല്‍കണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കമ്പനിയുണ്ടാക്കി സരിത നായരുമായി ചേര്‍ന്നു സോളര്‍ തട്ടിപ്പു നടത്തിയെന്നായിരുന്നു വിഎസിന്റെ ആരോപണം.
സ്റ്റേ അനുവദിക്കാന്‍ വിഎസ് നഷ്ടപരിഹാരവും പലിശയും ഉള്‍പ്പെട്ട തുകയായ 14,89,750 രൂപ കെട്ടിവയ്ക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ എ.സന്തോഷ് കുമാറിന്റെ വാദം ജില്ലാക്കോടതി അംഗീകരിക്കുകയായിരുന്നു. ഇത്തരം കേസുകളിലെ സുപ്രീം കോടതി ഉത്തരവുകളും ബോധ്യപ്പെടുത്തി ആയിരുന്നു അദ്ദേഹത്തിന്റെ വാദം. 22നു കേസില്‍ ജില്ലാക്കോടതി വിശദ വാദം കേള്‍ക്കും.