കൊച്ചി: ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ടുള്ള പന്തളം കൊട്ടാരം രേഖയെന്ന പേരില്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ചെപ്പേടും (ചെമ്പോല) മോന്‍സന്റെ തട്ടിപ്പോ? മോന്‍സന്റെ ‘പുരാവസ്തു ശേഖരത്തിലുള്ള’ വസ്തുക്കളില്‍ മുക്കാലും താന്‍ നല്‍കിയതാണെന്നു ക്രൈംബ്രാഞ്ചിനെ അറിയിച്ച ഇടനിലക്കാരന്‍ സന്തോഷ് എളമക്കരയുടെ പുതിയ വെളിപ്പെടുത്തലാണ് ഈ സംശയം ഉയര്‍ത്തുന്നത്. ഈ ചെപ്പേട് മോന്‍സനു താന്‍ കൈമാറിയതാണെന്നു സന്തോഷ് വെളിപ്പെടുത്തിയത്. ചെപ്പേട് താന്‍ നിര്‍മിച്ചതല്ലെന്നും തൃശൂര്‍ ടൗണിനടുത്തുള്ള പഴയൊരു വീട്ടില്‍നിന്ന്, സിനിമകളില്‍ ഉപയോഗിക്കാനായി വാങ്ങിയതാണെന്നും സന്തോഷ് പറഞ്ഞു.
‘ചെപ്പേടില്‍ സംസ്‌കൃതത്തിലോ പഴയ മലയാളം ലിപിയിലോ ഉള്ള എഴുത്തായിരുന്നു. അതു വായിക്കാന്‍ അറിയാത്തതിനാല്‍ എന്താണ് ഉള്ളടക്കമെന്ന് അറിയില്ല. പിന്നീട് ഇതു കണ്ട മോന്‍സന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ചെപ്പേട് കൈമാറി. ഇതിനു ശേഷം ചെപ്പേട് പുരാവസ്തു വിദഗ്ധരെയാരെയോ കാണിച്ചുവെന്നു മോന്‍സന്‍ സൂചിപ്പിച്ചിരുന്നു. സത്യമാണോ എന്നറിയില്ല. എന്നാല്‍, ശബരിമലയുമായി ബന്ധപ്പെട്ട ചെപ്പേടാണെന്ന രീതിയിലുള്ള മോന്‍സന്റെ അവകാശവാദം പിന്നീടു വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്- സന്തോഷ് പറയുന്നു.
സന്തോഷിന്റെ വാദം ശരിയെങ്കില്‍ തൃശൂരിലെ ഏതോ വീട്ടില്‍നിന്നു കിട്ടിയ പഴയൊരു ചെപ്പേടിനു ശബരിമലഭാഷ്യം ചമയ്ക്കുകയും ഇതിന് ആധികാരികത വരുത്താന്‍ ചില ‘പുരാവസ്തു വിദഗ്ധരെ’ കൂട്ടുപിടിക്കുകയും ചെയ്തതു വിവാദമുണ്ടാക്കി വാര്‍ത്താ പ്രാധാന്യം നേടാനുള്ള മോന്‍സന്റെ തന്ത്രം മാത്രമെന്നു കരുതേണ്ടി വരും. ശബരിമല പ്രക്ഷോഭ കാലത്തു പല മാധ്യമങ്ങളും മോന്‍സന്റെ പുരാവസ്തു ശേഖരത്തിലെ ‘ആധികാരിക രേഖ’ ഉദ്ധരിച്ചു വാര്‍ത്തകള്‍ നല്‍കിയിരുന്നു.