കോന്നി: സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് വിവാഹിതയാകുന്നു. സ്വന്തം പഞ്ചായത്ത് ഉള്‍പ്പെടുന്ന ബ്ലോക്ക് ഡിവിഷനിലെ അംഗമാണ് വരന്. രണ്ടുപേരും ഒരേപാര്ട്ടിക്കാര്. ജനസേവനത്തിറങ്ങിയവര് ജീവിതത്തിലും ഒന്നിക്കുമ്പോള്‍ ഇങ്ങനെയുള്ള പ്രത്യേകതകളും ഏറെ.
അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിയും കോന്നി ബ്ലോക്ക് പഞ്ചായത്തിലെ അരുവാപ്പുലം ഡിവിഷന് അംഗമായ വര്‍ഗീസ് ബേബിയുമാണ് വിവാഹിതരാകുന്നത്. ഡിസംബര്‍ 26-ന് വൈകീട്ട് നാലിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍.
ഇരുവരും സംസാരിച്ചശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. എന്നാല്‍, പ്രണയമല്ലെന്നും രേഷ്മ പറഞ്ഞു. ഞായറാഴ്ച നിശ്ചയമായിരുന്നു. രേഷ്മ സി.പി.എം. അരുവാപ്പുലം ലോക്കല്‍ കമ്മിറ്റിയംഗവും വര്‍ഗീസ് കോന്നി ഏരിയാ കമ്മിറ്റിയംഗവുമാണ്. രണ്ടുപേരും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കന്നിയങ്കം ജയിച്ചത്.