ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ (Meta) കീഴിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പില്‍ (WhatsApp) പുതിയൊരു ഫീച്ചര്‍ കൂടി വരുന്നു. ഈ വര്‍ഷം വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്കായുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നിരവധി പുതിയ ഫീച്ചറുകള്‍ മെറ്റാ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പ് അഡ്മിന്മാരെ (Group Admins) അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ കമ്പനി അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് ലഭിക്കുന്ന വിവരം.
ഗ്രൂപ്പിലെ ഏത് അംഗവും പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ അവരോട് ആവശ്യപ്പെടാതെ തന്നെ നീക്കം ചെയ്യാനുള്ള അധികാരം വാട്ട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാര്ക്ക് നല്‍കുന്നതാണ് ഈ ഫീച്ചര്‍. ഈ സൗകര്യം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകുമെന്നാണ് വാട്ട്സ്ആപ്പ് ട്രാക്കര്‍ ആയ WABetaInfo നല്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
”നിങ്ങള്‍ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് ആണെങ്കില്‍, ആന്‍ഡ്രോയിഡിലുള്ള വാട്ട്സ്ആപ്പ് ബീറ്റയുടെ ഭാവി അപ്ഡേറ്റില്‍ ഗ്രൂപ്പുകളിലെ മറ്റ് അംഗങ്ങളുടെ ഏത് സന്ദേശവും നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും”, WABetaInfo ഒരു ട്വീറ്റിലൂടെ അറിയിച്ചു. വാട്ട്സ്ആപ്പ് ട്രാക്കര്‍ ഈ ട്വീറ്റിനൊപ്പം ഒരു സ്ക്രീന്‍ഷോട്ടും പങ്കുവെച്ചിരുന്നു. ഒരു ഗ്രൂപ്പ് അഡ്മിന് ഇല്ലാതാക്കിയ സന്ദേശം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് എങ്ങനെ കാണാം എന്ന് കാണിക്കുന്നതാണ് സ്ക്രീന്‍ഷോട്ട്.
ഈ പുതിയ ഫീച്ചര്‍, അഡ്മിനുകള്‍ക്ക് അവരുടെ ഗ്രൂപ്പുകളില്‍ നിന്ന് അശ്ലീലമോ അനുചിതമോ ആയ സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നത് എളുപ്പമാക്കും. അതേസമയം ഫീച്ചര്‍ നല്കുന്ന ഈ അധികാരം ഗ്രൂപ്പ് അഡ്മിനുകളുടെ ഉദ്ദേശശുദ്ധിയെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തും. ഇത് കൂടാതെ മറ്റ് നിരവധി ഫീച്ചറുകളും വാട്ട്സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയ്ക്ക് സമാനമായി ഇമോജികള്‍ ഉപയോഗിച്ച് സന്ദേശങ്ങളോട് പ്രതികരിക്കാനുള്ള സൗകര്യവും വാട്സ്ആപ്പില്‍ വന്നേക്കും.
കൂടാതെ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പില്‍ ഇന്‍-ആപ്പ് ചാറ്റും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ആപ്പില്‍ തന്നെ വാട്ട്സ്ആപ്പ് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ സാധിക്കും.
അടുത്തിടെ, ഐഒഎസ് ഉപയോക്താക്കള്‍ക്ക് വോയ്സ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യുന്നത് ഇടയ്ക്ക് വെച്ച് താല്‍ക്കാലികമായി നിര്‍ത്താനും അത് അയയ്ക്കുന്നതിന് മുമ്പ് ഒന്നുകൂടി കേള്‍ക്കാനും കഴിയുന്ന ഒരു ഫീച്ചറും വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഐഫോണിലെ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റുകള്‍ ആന്‍ഡ്രോയിഡില്‍ നിന്ന് ഐഫോണിലേക്ക് മാറ്റാന്‍ അനുവദിക്കുന്നതിനുള്ള ഫീച്ചറും കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.