മോണ്‍സണ്‍ തട്ടിയ കോടികള്‍ എവിടെ…? ബാങ്ക് അക്കൗണ്ടുകള്‍ ഏറെക്കുറെ ശൂന്യം

1 second read
0
0

കൊച്ചി: ‘പുരാവസ്തുവിന്റെ പേരിലുള്‍പ്പടെ കോടികള്‍ തട്ടിയ മോന്‍സണ്‍ മാവുങ്കല്‍…’ -കോടതിയില്‍ ക്രൈംബ്രാഞ്ച് നല്‍കിയ വിശേഷണമാണിത്. പക്ഷേ, മോണ്‍സണ്‍ തട്ടിയ കോടികള്‍ എവിടെ…? ബാങ്ക് അക്കൗണ്ടുകള്‍ ഏറെക്കുറെ ശൂന്യമാണ്. വീട്ടില്‍നിന്നും പണമൊന്നും കണ്ടെടുത്തിട്ടുമില്ല. ആരുടെയൊക്കെയോ ബിനാമിയാണോ മോന്‍സണ്‍ എന്ന സംശയവും ഇതോടൊപ്പം ഉയരുന്നു.

ശ്രീവത്സം ഗ്രൂപ്പില്‍ നിന്ന് തട്ടിയത് 6.27 കോടി രൂപയാണ്. പത്തനംതിട്ട സ്വദേശി രാജീവില്‍ നിന്ന് 1.62 കോടിയും. ഇതിനു പുറമേ കോഴിക്കോട് സ്വദേശി യാക്കൂബില്‍ നിന്നുള്‍പ്പെടെ ആറുപേരില്‍ നിന്ന് തട്ടിയത് 10 കോടി രൂപയോളവും. ഇങ്ങനെ പരാതി വന്നതു മാത്രം 18 കോടിയോളം രൂപയുണ്ട്. ഇതിനു പുറമേയാണ് വിദേശനിര്‍മിത ആഡംബര കാറുകളുടെ പേരിലുള്ള തട്ടിപ്പിലെ കോടികള്‍.

പക്ഷേ, ഈ തുകയൊക്കെ എവിടെ പോയെന്ന് ക്രൈംബ്രാഞ്ചിന് സൂചന പോലും ലഭിച്ചിട്ടില്ല. വിദേശനിര്‍മിത കാറില്‍ നോട്ടെണ്ണല്‍ യന്ത്രം കണ്ടെടുത്തതിലൂടെ അന്വേഷണ സംഘത്തിന് ലഭിച്ച സൂചന ഇയാള്‍ പണം നേരിട്ട് കൈകാര്യം ചെയ്യുകയായിരുന്നു എന്നാണ്. ബാങ്ക് ഇടപാടുകളോ ഡിജിറ്റല്‍ ഇടപാടുകളോ നടന്നാല്‍ രേഖയാവും എന്നതാവാം കാരണം.

മോന്‍സണ്‍ ബിനാമി?

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കല്‍ ബിനാമിയെന്ന് സംശയമുയരുന്നു. കോടിക്കണക്കിന് രൂപ മോന്‍സണിലൂടെ കൈമറിഞ്ഞതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഈ തുകയുടെ ഉറവിടം തേടിയാണ് ബുധനാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പ്രധാന നീക്കങ്ങള്‍.

ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ, ഇവര്‍ സഹായങ്ങള്‍ ചെയ്തു നല്‍കിയോ എന്നീ കാര്യങ്ങളിലും വരുംദിവസങ്ങളില്‍ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. വ്യാജ രേഖകള്‍ എങ്ങനെയുണ്ടാക്കി, പുരാവസ്തുക്കള്‍ എവിടെനിന്ന് എത്തിച്ചു, സാമ്പത്തിക സ്രോതസ്സ്, തട്ടിപ്പിലൂടെ ലഭിച്ച പണം എന്തുചെയ്തു എന്നീ വിവരങ്ങളാണ് അന്വേഷണം സംഘം ചോദിച്ചറിയുന്നത്.

മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ പറയുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രത്യേക ചോദ്യാവലിയുമായാണ് സംഘം ചോദ്യം ചെയ്യലിന് തയ്യാറെടുത്തത്. എസ്.പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചോദ്യംചെയ്തത്. മോന്‍സന്റെ സുഹൃത്തുക്കളെയും സുരക്ഷാ ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. തങ്ങള്‍ക്ക് തട്ടിപ്പില്‍ പങ്കില്ലെന്നാണ് ഇവരുടെ മൊഴി. പരാതിക്കാരില്‍ നിന്ന് ബുധനാഴ്ച ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടി. ചില രേഖകള്‍ ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

കലൂരിലെയും ചേര്‍ത്തലയിലെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. കലൂരിലെ വീട്ടില്‍ മോന്‍സണ്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ സംഘം എടുത്തുമാറ്റിയിട്ടുണ്ട്. വീട്ടില്‍നിന്ന് ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വയനാട്ടിലെ എസ്റ്റേറ്റ്ഭൂമി പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് ഒരു കോടി 68 ലക്ഷം രൂപ മോന്‍സണ്‍ തട്ടിയെടുത്തുവെന്ന് പരാതി നല്‍കിയ രാജീവിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

പുരാവസ്തു തട്ടിപ്പ് തെളിഞ്ഞതിനാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ.) ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തിയേക്കും. അതേസമയം ‘സംസ്‌കാര’ ടെലിവിഷന്‍ ചാനലിന്റെ ചെയര്‍മാന്‍ എന്ന പേരില്‍ മോന്‍സണ്‍ തട്ടിപ്പ് നടത്തിയത് കാണിച്ച് ഉടമകള്‍ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. ശില്പങ്ങളുണ്ടാക്കി നല്‍കിയ സുരേഷും പരാതി നല്‍കിയിട്ടുണ്ട്.

 

Load More Related Articles
Load More By Editor
Load More In Special

Leave a Reply

Your email address will not be published. Required fields are marked *

Check Also

മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം

കോഴിക്കോട് :മാനത്ത് ശവ്വാല്‍ നിലാവ് തെളിഞ്ഞതോടെ റമസാന്‍ വ്രതത്തിന് പര്യവസാനം. വ്രതശുദ്ധിയു…