തിരുവനന്തപുരം: കോവിഡ് വാക്സീന് കുത്തിവയ്പ് എടുത്തിട്ടില്ലാത്ത അധ്യാപകരുടെയും സ്കൂളുകളിലെ അധ്യാപകേതര ജീവനക്കാരുടെയും പേരുവിവരങ്ങള്‍ ഇന്നു രാവിലെ 9നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പരസ്യപ്പെടുത്തും. ഇവര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇനിയും വാക്സീന് എടുക്കാത്തവരുടെ വിവരങ്ങള്‍ പൊതുസമൂഹം അറിയേണ്ടതാണെന്നും ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കു ശേഷം പട്ടിക പ്രസിദ്ധീകരിക്കുമെന്നാണു മന്ത്രി പറഞ്ഞതെങ്കിലും പട്ടിക പൂര്ണമാകാത്തതിനെത്തുടര്ന്ന് ഇന്നത്തേക്കു മാറ്റി.
വാക്സീന് എടുക്കാത്ത 5000 പേരുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നെങ്കിലും അത്രയുമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്. 2600 പേരെന്നായിരുന്നു നവംബറിലെ കണക്ക്. ഇവരില്‍ വലിയൊരു പങ്ക് പിന്നീടു വാക്സീന് എടുത്തിട്ടുണ്ടെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു. ആരോഗ്യകാരണങ്ങളാല്‍ വാക്സീന് എടുക്കാത്തവരുടെ പേര് പുറത്തുവിടില്ല. ഇവര്‍ പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കണം.