തിരുവനന്തപുരം: കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 20) മുതല്‍ മൂന്ന്-നാല് ദിവസങ്ങളില്‍ വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സൂചന നല്‍കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 20ന് പത്ത് ജില്ലകളിലും ഒക്ടോബര്‍ 21ന് ആറ് ജില്ലകളിലും മഞ്ഞ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രമഴ അവസാനിച്ചിട്ടില്ല എന്നാണ് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നത്.ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലക്ഷദീപിനു സമീപം അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും തിങ്കളാഴ്ച വൈകുന്നേരം വരെ മഴ തുടരാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.തൃശൂര്‍, പാലക്കാട് പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ വിന്യസിക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ആര്‍മിയുടെ രണ്ടു ടീമുകളില്‍ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഡിഫെന്‍സ് സെക്യൂരിറ്റി കോര്‍പ്സിന്റെ ടീമുകള്‍ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്. എയര്‍ ഫോഴ്സിന്റെ രണ്ടു ഹെലികോപ്റ്ററുകള്‍ തിരുവനന്തപുരം, കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ എന്നിവിടങ്ങളില്‍ സജ്ജമായി നില്‍പ്പുണ്ട്. ആവശ്യം വരുന്ന സാഹചര്യത്തില്‍ ഏതു നിമിഷവും ഇവരെ വിന്യസിക്കാനാകും. സന്നദ്ധസേനയും സിവില്‍ ഡിഫെന്‍സും അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാന്‍ സജ്ജമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിലെ കക്കി അണക്കെട്ട് അടിയന്തിര സാഹചര്യത്തില്‍ തുറക്കേണ്ടിവന്നാല്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. എന്‍ഡിആര്‍എഫ് ടീമിനെ ആവശ്യം വരികയാണെങ്കില്‍ ആലപ്പുഴ ജില്ലയിലേക്ക് വിന്യസിക്കും.
കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ 13 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇടുക്കി ജില്ലയിലെ കൊക്കയാറില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ 9 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും രണ്ട് പേരെ കാണാതായെന്നും ജില്ലാഭരണ സംവിധാനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം നാളെയും തുടരും.
കേരള-കര്‍ണാടക-ലക്ഷദ്വീപ് മേഖലകളില്‍ മത്സ്യബന്ധനം നാളെ വരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഒക്ടോബര്‍ 18 രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാവാനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലുടനീളം ഒക്ടോബര്‍ 21 വരെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.