ദോഹ: ലോകം മുഴുവന്‍ ഖത്തറിന്റെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലേക്ക് മിഴി തുറന്നു. ലോകകപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍വഹിക്കും. 60,000 പേര്‍ക്ക് ഇരിപ്പിട ശേഷിയുള്ള അല്‍ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയം ഫുട്‌ബോള്‍ ആരാധകരെ കൊണ്ടു നിറഞ്ഞു.
30 മിനിറ്റ് നീളുന്ന ഉദ്ഘാടന ചടങ്ങില്‍ ഫുട്ബോള്‍ ലോകത്തിനായി വലിയ ‘സര്‍പ്രൈസുകള്‍’ ആണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. കൊറിയന്‍ സംഗീത ബാന്‍ഡ് ആയ ബിടിഎസിന്റെ വിഖ്യാത ഗായകന്‍ ജങ്കൂക്ക്, ഖത്തരി ഗായകന്‍ ഫഹദ് ഖുബൈസിയും ചേര്‍ന്ന് ഉദ്ഘാടന ചടങ്ങില്‍ സംഗീത വിസ്മയം തീര്‍ത്തൂ. ബോളിവുഡ് നടി നോറ ഫത്തേഹി, കൊളംബിയന്‍ ഗായകന്‍ ജെ ബാല്‍വിന്‍ എന്നിവരും ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നാണു റിപ്പോര്‍ട്ട്.
ദോഹ പ്രാദേശിക സമയം വൈകിട്ട് ഏഴിന് ഖത്തറും ഇക്വഡോറും തമ്മിലുള്ള ലോകകപ്പ് ഉദ്ഘാടന മത്സരത്തിന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടു മുതല്‍ സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തുറന്നിരുന്നു. ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമാണ് മത്സരം കാണാന്‍ പ്രവേശനം. ഖത്തറിന്റെ വിവിധ സൗഹൃദ, സഹോദര രാജ്യങ്ങളില്‍ നിന്നുള്ള ഭരണാധികാരികള്‍, ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങി ഒട്ടേറെ പേര്‍ ഖത്തറില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, ഡോ.സുധീഷ് ധന്‍കര്‍ എന്നിവരും ഉദ്ഘാടനത്തില്‍ പങ്കെടുക്കും.