ഉത്തര്‍ പ്രദേശിലെ നോയ്ഡ സന്ദര്‍ശിക്കുന്നവര്‍ക്ക് അധികാരം നഷ്ടപ്പെടുമെന്ന ‘അന്ധവിശ്വാസ’ത്തിന് വിരാമമിട്ട് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രണ്ടാം വിജയം. യോഗിക്ക് മുമ്പ് മുഖ്യമന്ത്രിമാരായിരുന്നവര്‍ നോയ്ഡ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിച്ചിട്ടുള്ളവരാണ്.
ഡല്‍ഹിയോട് തൊട്ടുകിടക്കുന്ന ഇവിടം സന്ദര്‍ശിച്ച മുഖ്യമന്ത്രിമാര്‍ക്ക് അധികാരം നഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് ‘നോയ്ഡ ദൗര്‍ഭാഗ്യം’ എന്ന പേരില്‍ അന്ധവിശ്വാസം പ്രചരിക്കാന്‍ തുടങ്ങിയത്. 1988 ല്‍ മുഖ്യമന്ത്രിയായിരുന്ന വീര്‍ ബഹാദൂര്‍ സിങ്ങിന് നോയ്ഡ സന്ദര്‍ശിച്ച് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അധികാരം ഒഴിയേണ്ടി വന്നതോടെയാണ് ഇക്കഥ വ്യാപകമാകുന്നത്. പിന്നീട് വന്ന മുഖ്യമന്ത്രിമാരായ സമാജ്വാദി പാര്‍ട്ടിയുടെ മുലായം സിങ് യാദവ്, അദ്ദേഹത്തിന്റെ മകന്‍ അഖിലേഷ് യാദവ്, ബിജെപി മുഖ്യമന്ത്രിമാരായ കല്യാണ്‍ സിങ്, രാജ്നാഥ് സിങ് തുടങ്ങിയവര്‍ അധികാരത്തിലിരുന്ന വേളയില്‍ നോയ്ഡ ഒഴിവാക്കി.
എന്നാല്‍ ബിഎസ്പി അധ്യക്ഷ കൂടിയായ മായാവതി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നോയ്ഡ സന്ദര്‍ശിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവും വിശ്വസ്തനുമായ സതീഷ് ചന്ദ്ര മിശ്രയുടെ മകളുടെ കല്യാണത്തോടനുബന്ധിച്ചാണ് മായാവതി നോയ്ഡയിലെത്തിയത്. 2007 മാര്‍ച്ചില്‍ അധികാരത്തില്‍ വന്ന മായാവതി ആ വര്‍ഷം നവംബറിലാണ് നോയ്ഡ സന്ദര്‍ശിച്ചത്. പക്ഷേ 2012-ല്‍ അവര്‍ക്ക് അധികാരം നഷ്ടമായതോടെ ഈ അന്ധവിശ്വാസം കൂടുതല്‍ പ്രബലമായി.
2012 ല്‍ അധികാരത്തില്‍ വന്ന അഖിലേഷ് യാദവ് അടുത്ത വര്‍ഷം നോയ്ഡയില്‍ എഡി.ബി സംഘടിപ്പിച്ച ഉച്ചകോടി ബഹിഷ്‌കരിച്ചത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് ആയിരുന്നു അന്നത്തെ ചടങ്ങിലെ മുഖ്യാതിഥി. എന്നാല്‍ 2017ല്‍ അധികാരത്തിലെത്തിയ യോഗി നിരവധി തവണ നോയ്ഡ സന്ദര്‍ശിച്ചു. നോയ്ഡ സന്ദര്‍ശിക്കാത്തതില്‍ തന്റെ മുന്‍ഗാമികളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിരുന്നു.