ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതുചരിത്രം കുറിച്ച് യോഗി ആദിത്യനാഥ് തുടര്‍ച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന ബിജെപി നേതാക്കള്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 37 വര്‍ഷത്തിനിടെ, സംസ്ഥാനത്തു ഭരണകാലാവധി തികച്ചു വീണ്ടും അധികാരമേറ്റ ആദ്യ മുഖ്യമന്ത്രിയാണ് യോഗി. ആകെ 52 മന്ത്രിമാരാണു സത്യപ്രതിജ്ഞ ചെയ്തത്; 32 പേര്‍ പുതുമുഖങ്ങളാണ്.
യോഗി മന്ത്രിസഭയില്‍ ഇത്തവണയും രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ട്. തിരഞ്ഞെടുപ്പില്‍ തോറ്റ കേശവ് പ്രസാദ് മൗര്യയ്ക്കു വീണ്ടും പദവി കിട്ടിയപ്പോള്‍, മുന്‍ ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയ്ക്കു സ്ഥാനം നഷ്ടമായി. ബ്രാഹ്മണ വിഭാഗം നേതാവ് ബ്രജേഷ് പഥകാണ് രണ്ടാമത്തെ ഉപമുഖ്യമന്ത്രി. ലക്നൗ അടല്‍ ബിഹാരി വാജ്പേയി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ബിജെപിയുടെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും മുന്‍ മുഖ്യമന്ത്രിമാര്‍ക്കും പരിപാടിയിലേക്കു ക്ഷണമുണ്ടായിരുന്നു. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, കങ്കണ റനൗട്ട്, നിര്‍മാതാവ് ബോണി കപൂര്‍ എന്നിവരെയും ‘കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയും ക്ഷണിച്ചിരുന്നു. 403 അംഗ നിയമസഭയില്‍ 255 സീറ്റുകളില്‍ വിജയിച്ചാണു ബിജെപി അധികാരം നിലനിര്‍ത്തിയത്. 41 ശതമാനം വോട്ടുവിഹിതവും സ്വന്തമാക്കി.