തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനു തിരിച്ചടി. സംഭവത്തില്‍ ജയരാജനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫിനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനും കോടതി നിര്‍ദേശിച്ചു. കുറ്റകരമായ നരഹത്യാശ്രമം, വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്യണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഇതു പരിഗണിച്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ലെനി തോമസാണ് കേസെടുക്കാന്‍ വലിയതുറ പൊലീസിനു നിര്‍ദേശം നല്‍കിയത്.
ഇ.പി.ജയരാജന്, മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ അനില്‍ കുമാര്‍, സുനീഷ് വി.എം. എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുക. കണ്ണൂര്‍ സ്വദേശികളായ ഫര്സീന് മജീദ്, ആര്.കെ.നവീന്‍ കുമാര്‍ എന്നിവരാണ് ജയരാജനും മുഖ്യമന്ത്രിയുടെ സ്റ്റാഫിനുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിമാനത്തില്‍ പ്രതിഷേധിച്ചവരെ ഇ.പി.ജയരാജന് മര്‍ദിച്ചതായി ഹര്‍ജിയില്‍ പറയുന്നു. പൊലീസിനു പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മുഖ്യമന്ത്രിയെ ആക്രമിക്കാനടുത്ത അക്രമികളെ തടഞ്ഞവര്‍ക്കെതിരെ കേസെടുക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് മറുപടി നല്‍കുമ്പോഴാണ് മുഖ്യമന്ത്രി ജയരാജനെതിരെ കേസെടുക്കില്ലെന്ന് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് അതേ സംഭവത്തില്‍ ജയരാജനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.