
തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേടുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി, ജലപീരങ്കി പ്രയോഗിച്ചു. നിലത്തുവീണ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയുടെ തലയ്ക്ക് പരുക്കേറ്റു.
പൊലീസ് ഏഴു റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ പ്രസിഡന്റ് നേമം ഷജീറിന്റെ കണ്ണിനു പരുക്കേറ്റു. ഡിവൈഎഫ്ഐക്കാരനായ എസ്ഐയാണ് പ്രശ്നമുണ്ടാക്കിയതെന്ന് അബിന്‍ വര്‍ക്കി പറഞ്ഞു. ”എഡജിപിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും സമരം നടത്തിയാല്‍ അടി പ്രതീക്ഷിച്ച് തന്നെയാണ് വന്നത്. ഇനിയും അടിക്കട്ടെ, അടിക്കൊള്ളാന്‍ തയാറായി തന്നെയാണ് വന്നത്. അടിച്ച് സമരം തീര്‍ക്കാന്‍ ഒന്നും പൊലീസ് നോക്കേണ്ട. ഇനിയും അടിക്കട്ടെ.
യുവജന സമരത്തെ അടിച്ചുകൊല്ലാന്‍ ശ്രമിച്ചാല്‍, അടിച്ചു തീര്‍ക്കട്ടെ. രണ്ടു ലാത്തി വച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കാമെന്ന് നോക്കിയാല്‍ നടക്കില്ല. ഹേമ കമ്മിറ്റി വിഷയത്തില്‍ പരാതി കൊടുത്തപ്പോഴേ ഈ അടി പൊലീസില്‍ നിന്ന് പ്രതീക്ഷിച്ചതാണ്. എകെജി സെന്ററില്‍ നിന്ന് ആളെ വിട്ടാണ് ഞങ്ങളെ അടിച്ചത്.” – അബിന്‍ വര്‍ക്കി പറഞ്ഞു
സമരം നടക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ്, യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് മര്‍ദനമേല്‍ക്കുമെന്ന് പി.വി.അന്‍വര്‍ എംഎല്‍എ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടിരുന്നതായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഡിവൈഎഫ്ഐ, സിപിഎം നേതാക്കളുടെ നിര്‍ദേശം അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്നും നേതാക്കള്‍ പറഞ്ഞു. കന്റോണ്‍മെന്റ് സിഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു.